top of page
  • Writer's pictureS. Gopalakrishnan

രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ

രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ


ഞാനും റീനയും ഒരുമിച്ചാണ് രാവിലെ നടക്കാനിറങ്ങാറ് . മൂക്കും വായും മൂടി ഈ കോവിഡ് കാലത്ത് . റീന ഹെഡ്‍ഫോണിൽ യുവാൽ നോവ ഹരാരിയുടെ Sapiens , a brief history of humankind ന്റെ audio ബുക്ക് കേൾക്കുകയാണ് ഈ ദിവസങ്ങളിൽ . ഞാനാകട്ടെ വിവിധ ഹിന്ദുസ്ഥാനി ഘരാനകളിലെ ലളിത് രാഗാലാപനങ്ങളും . അവൾ ഇടയ്ക്ക് ഹെഡ്‍ഫോൺ മാറ്റി എന്നോടു പറഞ്ഞു , മതത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയത് സ്നേഹത്തിനായി ജനിച്ച ക്രിസ്തുവിന്റെ പേരിലുള്ള മതത്തിന്റെ നേതൃത്വത്തിലാണ് എന്ന് . നാൽപ്പതുകൊല്ലങ്ങൾക്കു മുൻപ് അവളെ പ്രേമിക്കാൻ തുടങ്ങിയ സമയത്ത് ഞാൻ റീനയ്ക്ക് സമ്മാനമായികൊടുത്തത് Bertrand Russel എഴുതിയ Why I am not a Christian എന്ന പുസ്തകമായിരുന്നു എന്നതോർത്തിട്ട് ഞാൻ റീനയോടു മറുപടി പറഞ്ഞു പക്ഷേ കോട്ടയത്തെ കൃസ്ത്യാനികൾ മനുഷ്യസ്നേഹികളാണ് ...അവർ കുരിശുയുദ്ധങ്ങളിൽ വിശ്വസിക്കുന്നില്ല എന്ന് . ഡൽഹിയിൽ നടക്കാൻ ഇറങ്ങിയാൽ ഏതോ മ്യൂസിയം കാണാനിറങ്ങുംപോലെയാണ് ....


നിങ്ങൾ ഈ കേൾക്കുന്നത് പണ്ഡിറ്റ് രാജൻ സാജൻ മിശ്രാസഹോദരന്മാർ പാടിയ ലളിത് രാഗമാണ് . ഈ ഗായകരിലെ രാജൻ മിശ്രയെയാണ് കോവിഡ് രണ്ടാം തരംഗം ഓക്സിജൻ നൽകാതെ ഡൽഹിയിൽ കൊന്നത് . ഞങ്ങൾ അപാർട്മെന്റിന്റെ പുറത്തിറങ്ങുമ്പോൾ ഇടതുവശത്ത് st thomas പള്ളിയാണ് . ഹരാരിയെ കേൾക്കുന്ന റീനയോടു പറഞ്ഞില്ലെങ്കിലും ഞാൻ ഓർത്തു , വിശുദ്ധ തോമസ്...ആദ്യത്തെ റസ്സൽ ...സംശയിക്കുന്ന തോമസ് ..

പള്ളി കഴിഞ്ഞാൽ ആർ കെ പുരം അയ്യപ്പക്ഷേത്രമാണ് . ആണിന് ആണിലുണ്ടായ അയ്യപ്പൻ . ഞാൻ ഓർത്തു 1980 ൽ കോട്ടയത്തെ ഒളശ്ശയിൽ നാടകക്കാരൻ എൻ എൻ പിള്ളയുടെ വീട്ടിൽ ചെന്നപ്പോൾ , ഒരിക്കൽ ശബരിമലയിലെ ഉച്ചഭാഷിണിശല്യം സഹിക്കാനാവാതെ അയ്യപ്പൻ ബസ്സുകയറി ഒളശ്ശയിലിറങ്ങി എൻ എൻ പിള്ളയുടെ വീട്ടിൽ ചെന്ന കാര്യം . എന്തേ എന്റെ വീടു തെരഞ്ഞെടുത്തു എന്ന് പിള്ളസ്സാർ അയ്യപ്പനോടു ചോദിച്ചപ്പോൾ വീഞ്ഞിന്റെയും മതോന്മാദത്തിന്റെയും നാടകങ്ങളുടെയും ഉൽപാദനത്തിന്റെയും ദേവതയായ dionysus ന്റെ പേരല്ലേ തന്റെ വീടിന് അതാ ഇവിടെ കേറിയത് എന്നു പറഞ്ഞു . പിള്ളസ്സാർ അന്നെന്നോട് പറഞ്ഞത് അന്നുമുതൽ അയ്യപ്പൻ ഒളശ്ശയിലെ വീട്ടിൽ സ്ഥിരതാമസമാണ് , ശബരിമലയിലല്ല എന്നുമാണ് . ഞാൻ തർക്കത്തിനില്ല . റീന ഹരാരിയെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ട് മുന്നിലേക്ക് ...ഞാൻ ലളിതലോകത്തിലും .


ലളിത് ഒരു പ്രഭാതസമയരാഗമാണ് . ഇതിലെ മാധ്യമസ്വരങ്ങളുടെ ആന്തോളനത്തിന്റെ പ്രത്യേകതയാൽ പാശ്ചാത്യസംഗീതർക്ക് വഴങ്ങാത്തരാഗമെന്ന് ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞത് ഞാൻ ഓർത്തു . ലളിത് ഗ്വാളിയോർ ഘരാനയിൽ പ്രസിദ്ധമാണ് ...വെറുതേയല്ല രാജനും സാജനും ഇങ്ങനെ നമ്മെ മയക്കിക്കളയുന്നത് .


റോഡ് കുറുകെക്കടന്നാൽ ഹോസ് ഖാസ് പാർക്കാണ്. പതിനാലാം നൂറ്റാണ്ടിൽ അലാവുദ്ദിൻ ഘൽജി എന്ന സുൽത്താൻ പണിത മദ്രസ്സയും തടാകവും ഇവിടെയാണ് . അന്ന് ഡമാസ്കസിൽ നിന്നും ബാഗ്ദാദിൽ നിന്നും മതപണ്ഡിതർ വന്ന് താമസിച്ചിരുന്ന സ്ഥലം . കഴിഞ്ഞ രണ്ടുമാസമായി കോവിഡ് മൂലം അടഞ്ഞുകിടക്കുകയാണ് . പ്രഭാതസവാരിക്കാർ കൊടുക്കുന്ന ഭക്ഷണം കഴിച്ചു ജീവിച്ചിരുന്ന ഇരുന്നൂറോളം നായ്ക്കൾ ഇതിനുള്ളിലുണ്ട് ...അവ മരിച്ചോ , അതോ പരസ്പരം കൊന്നുതിന്നോ ...ആർക്കറിയാം ? dog eat dog എന്ന ഇംഗ്ളീഷ് പ്രയോഗത്തിന്റെ അർത്ഥം ജയിക്കാനായി എന്തും ചെയ്യുന്ന മനുഷ്യാവസ്ഥ എന്നാണ് ...


റീനയും ഞാനും നടക്കുകയാണ് . അവൾ ഇടയ്ക്ക് ചില ചെടികൾ പറിയ്ക്കും , വീട്ടിലെ ബാൽക്കണിയിൽ നടാൻ . ഞാൻ ആലോചിക്കുകയായിരുന്നു രണ്ടുപേർ ഒരുമിച്ചു പാടുമ്പോൾ രാജൻ സാജൻ മിശ്രാ സഹോദരന്മാരെ പോലെ ശ്രുതി ചേർന്നുപാടുന്ന മറ്റുള്ളവർ തുലോം കുറവാണ് എന്ന് ...ഇങ്ങനെ രണ്ടുപേർ തമ്മിൽ ശ്രുതി ചേരേണ്ടതിന്റെ ആവശ്യം കോവിഡ് lockdown കാലം നമ്മോട് പറയുകയും ചെയ്യുന്നു .


മെയ് മാസമാണ് ഡൽഹിയിൽ കണിക്കൊന്നകൾ പൂക്കുന്നത് ...ഞങ്ങൾ നടക്കുന്നവഴികൾ പീതാംബരം പുതച്ചുകിടക്കുകയാണ്. ഹിന്ദുസ്ഥാനി രാഗങ്ങളെ ചിത്രങ്ങളാക്കിയ രാഗമാല ചിത്രങ്ങൾ ഒന്നിൽ രാവിലെ ഗോപികയുടെ ശയ്യയിൽ നിന്നും ആളറിയാതെ ഇറങ്ങിപ്പോകുന്ന മഞ്ഞപ്പട്ടുടുത്ത ഒരു കൃഷ്ണനെ ഞാൻ കണ്ടതോർക്കുന്നു . ലളിത് രാഗത്തിനോട് ഈ കണിക്കൊന്നപ്പൂക്കൾ ചേരുന്നു ...വിളമ്പിതകാലത്തുനിന്നും മധ്യലയത്തിലേക്ക് രാജനും സാജനും പ്രവേശിക്കുന്നു .


റീന ഇപ്പോഴും മനുഷ്യവംശത്തിന്റെ ചരിത്രം കേൾക്കുകയാണ് . എഴുപതിനായിരം കൊല്ലങ്ങൾക്കു മുൻപേ വെറും ആറു മനുഷ്യജാതികളേ ഉണ്ടായിരുന്നുള്ളു ...സുകുമാരൻ നായരും വെള്ളാപ്പള്ളിയും വഴക്കടിക്കുന്ന മെത്രാൻ കക്ഷിയും ബാവാ കക്ഷിയും ഉടനടി വായിക്കേണ്ടതാണ് ഹരാരിയുടെ പുസ്തകം . എന്നാൽ ഈ രാജനും സാജനും എന്നപോലെ ശ്രുതി ചേരുമായിരുന്നു .

ഞങ്ങൾ നടക്കുന്നതിന്റെ ഇടതുവശത്ത് മുഹമ്മദ്പൂരിലെ ഹനുമാൻ ക്യാമ്പിലെ ചേരിയാണ്. ആ രണ്ടുപേരുകൾ ഒരുമിച്ചിരിക്കുന്നതിലും ഒരു ഹരാരിഹരം ഇല്ലേ ? ഒരു രാജൻ സാജൻ ശ്രുതി ?

ആളൊഴിഞ്ഞ ചേരി . കോവിഡ് രണ്ടാം തരംഗത്തിൽ പലരും നഗരം ഉപേക്ഷിച്ചു പോയി . രാവിലെ തന്നെ ആറേഴു കുട്ടികൾ നിലത്തിരുന്ന് ഗോലി കളിക്കുന്നു . അരികിൽ ഒരു കയർ കട്ടിലിൽ കിടന്ന് ഒരു വൃദ്ധസിംഹം ഹുക്ക വലിക്കുന്നു . ഞങ്ങൾ ചേരി കടന്ന് , പോലീസ് സ്റ്റേഷൻ കടന്ന് വിവേകാനന്ദ മാർഗ്ഗിലൂടെ മുന്നോട്ടു നടന്നു .


ഇടതുവശത്ത് ബിജ്‌റി ഖാന്റെ ശവകുടീരം .ലോദികാലത്തെ ചരിത്രസ്മാരകം . ലോദികാലത്തെ വളച്ചുകെട്ടുകൾ . ചിത്രപ്പണികളുള്ള മട്ടുപ്പാവുകൾ ...നാലോ അഞ്ചോ ശവക്കല്ലറകൾ ...പക്ഷേ ആർക്കുമറിയില്ല ആരാണീ ബിജ്‌റി ഖാനെന്ന് . ഞാൻ ഒമർഖയ്യാമിനെ ഓർത്തു . ശങ്കരക്കുറുപ്പിന്റെ മഹത്തായ വിവർത്തനമോർത്തു ...

വമ്പും പ്രതാപവും കാട്ടി , കല്പിതമാം എത്രകാലം മുൻപ് കഴിച്ചെത്ര സുൽത്താൻ കടന്നുപോയി ....


രാജൻ സാജൻ മിശ്രമാർ അസാമാന്യമായ ലയത്തിൽ ലളിത് പ്രപഞ്ചം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .....


ഞങ്ങൾ ഇപ്പോൾ ഒരു അംബേദ്‌കർ ക്ഷേത്രം , ഒരു ശിവക്ഷേത്രം , ഒരു സുവിശേഷപ്പള്ളി , ഒരു മദ്രസ്സ , ഒരു പുത്തൻ ബൗദ്ധമന്ദിരം എല്ലാം കടന്ന് ഒരു പാർക്കിലേക്കു കയറി . ഞാവൽ മരങ്ങൾ പൂവിടുവാനുള്ള ചിന്തയിലാണ് . ശിലായുഗത്തിന്റെ ഗൃഹാതുരത്വത്തിൽ വലിയ പാറകൾ . ഹരാരി പറയുന്നത് ശാസ്ത്രവിപ്ലവത്തിന് അഞ്ഞൂറുകൊല്ലത്തെ പഴക്കമേ ഉള്ളൂ എന്നാണ് ...അതിനേക്കാൾ പഴക്കമുള്ള പാറകളും ബുദ്ധനും സംഗീതവും എന്നോട് ചോദിക്കുന്നു , ശാസ്ത്രമേ നീ ഇത്ര അഹങ്കരിക്കണോ ?


പാർക്കിൽ പത്തോളം പേർ പ്രഭാത വ്യായാമത്തിൽ . ഞാൻ അണ്ണാറക്കണ്ണന്മാരെ ശ്രദ്ധിക്കുകയായിരുന്നു ..മേതിൽ രാധാകൃഷ്ണൻ പറഞ്ഞ ഹൈക്കു പുറത്തേറ്റിയ അണ്ണാറക്കന്മാർ ...


രാജൻ സാജനു പിന്നാലെ യൂട്യൂബ് നൽകിയത് ഷാം ചൗരാസിയ ഘരാനയിലെ വിശുദ്ധഗായകരായ ഉസ്താദ് സലാമത് അലി ഖാൻ ഉസ്താദ് നസാക്കത് അലി ഖാൻ എന്നിവർ പാടിയ ലളിത് ആണ് . ശിലായുഗത്തോളം പഴക്കമുള്ള പാറയിൽ ഇരുന്ന് ഞാൻ അതു കേട്ടു . വഴിക്ക് കുറുകേയുള്ള ആന്ധ്ര സ്‌കൂളിൽ കുട്ടികൾ വരച്ച ദേശീയപതാക നിറം മങ്ങി. ഇന്ത്യാ വിഭജനം കൊണ്ടുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഉസ്താദ് സലാമത് അലി ഖാനും നസാക്കത് അലി ഖാനും പാകിസ്ഥാനിൽ ആയിപ്പോയതാണ് എന്ന് . ഹരാരിയുടെ ശബ്ദപുസ്തകം മടക്കി റീന ഒരു മുളംതൈ പറയ്ക്കാൻ പോയി ...


Link 1: Pandit Rajan and Pandit Sajan Mishre singing Rag Lalit : https://www.youtube.com/watch?v=k200uU6wRVU&t=645s

Link 2: https://www.youtube.com/watch?v=V1EERtQuNPI&t=2023s


S. Gopalakrishnan

Dilli Dali

Delhi

30 May 2021

31 views0 comments

Recent Posts

See All

Comments


bottom of page